ചങ്ങനാശ്ശേരി: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാലിലാണ് സംഭവമുണ്ടായത്. ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ ജോണ്‍ ജോസഫ് (65) ആണ് മകന്‍ ജോസി ജോണിന്റെ (37) ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലാണ് ജോസി ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോണ്‍. ഇരുവൃക്കകളും തകരാറിലായതോടെ 3 വര്‍ഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ(62)യെയും മര്‍ദിച്ചെന്നാണ് പോലീസ് കേസ്. ജോണിനെ കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു.
ജോണിന്റെ 6 വാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റു. രക്തസ്രാവവുമുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ഗുജറാത്തില്‍ വാഹനങ്ങളുടെ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലി ചെയ്തിരുന്ന ജോസി നാലു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ സ്ഥിരമായി മാതാപിതാക്കളെ മര്‍ദിക്കുമായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ചിരുന്നതായും നാട്ടുകാരുമായി അടിപിടി ഉണ്ടാക്കിയിരുന്നതായും പറയുന്നു.
സന്ധ്യാസമയങ്ങളില്‍ വീട്ടില്‍ നിന്ന് പിതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അരയില്‍ കത്തിയുമായിട്ടാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. പിതാവിന് മര്‍ദനമേറ്റ ദിവസം രാത്രിയിലും ജോസി നാട്ടുകാരുമായി വഴക്കിട്ടിരുന്നു. ജോസി രണ്ടുതവണ വിവാഹം കഴിച്ചെങ്കിലും ഇയാളുടെ ഉപദ്രവം കാരണം രണ്ടു ബന്ധവും വേര്‍പിരിഞ്ഞു.