ജാര്‍ഖണ്ഡ് : രാജ്യത്തെ തന്നെ ഞെട്ടിച്ച് ഝാര്‍ഖണ്ഡില്‍ ആറുവയസ്സുകാരിയുടെ കൊലപാതകം. മാങ്ങയുടെ പേരിലാണ് ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ ചേര്‍ന്ന് ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹോദരിമാരെ പോലീസ് അറസ്റ്റു ചെയ്തു.
ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭും ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രതികളുടെ പറമ്പില്‍ നിന്ന് മാങ്ങപറിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയില്‍ സഹോദരിമാര്‍ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തങ്ങളുടെ പറമ്പില്‍ നിന്ന് മോഷണം നടത്തിയെന്ന് പറഞ്ഞാണ് മര്‍ദ്ദനവും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തെത്തുടര്‍ന്ന് കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സഹോദരിമാരെ കസ്റ്റഡിയിലെടുത്തു. ഇവരെ റിമാന്‍ഡ് ഹോമിലേക്ക് മാറ്റിയതായി ചക്രധാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള പ്രവീണ്‍ കുമാര്‍ പറഞ്ഞു.