വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയില്‍ മാതാവിനോടൊപ്പം എത്തിയ 15 കാരിയെ കബളിപ്പിച്ച് മുന്നേകാല്‍ പവന്റെ ആഭരണം കൈക്കലാക്കി കടന്നുകളഞ്ഞ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോള്‍ കുലശേഖരമംഗലം കുറ്റിക്കാട്ട് അനുപിനെയാണ് (33) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം ഉദയനാപുരം ഇരുമ്പുഴിക്കര സ്വദേശിനിയായ 15 കാരിയുടെ പക്കല്‍നിന്ന് പണവും സ്വര്ണമാലയുമടങ്ങിയ പഴ്സ് അപഹരിക്കുകയായിരുന്നു.
മോഷ്ടിച്ച മാല ഇയാള്‍ കുറവിലങ്ങാടുള്ള ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയായിരുന്നു. പോലീസ് പ്രതിയുമായെത്തി മാല കണ്ടെടുത്തു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കടുത്തുരുത്തി, കോട്ടയം വെസ്റ്റ് പോലിസ് സ്റ്റേഷനുകളില്‍ സമാന രീതിയില്‍ ഇയാള്‍ കവര്‍ച്ച നടത്തിയതിന് കേസെടുത്തിരുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മകള്‍ക്ക് പഠനസഹായത്തിനായി മാതാവ് അപേക്ഷ എഴുതിക്കാന്‍ മിനി സിവില്‍സ്റ്റേഷനു സമീപമെത്തിയപ്പോള്‍ കുശലം പറഞ്ഞ് ഒപ്പംകൂടിയ മോഷ്ടാവ് എം.എല്‍.എ ഓഫിസിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഇവരെ പിന്തുടര്ന്നെത്തി. മരുന്നു വാങ്ങാനായി ഡോക്ടറെ കാണാന്‍ വരിയില്‍നിന്ന മാതാവിന് ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്ന് പുറത്തുനിന്നുവാങ്ങാന്‍ പേഴ്സ് നല്കാന് മാതാവ് ആവശ്യപ്പെട്ടതായി ഇയാള്‍ ആശുപത്രിക്കു പുറത്തിരുന്ന കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മാല സൂക്ഷിച്ച പഴ്സ് വാങ്ങി കടന്നുകളയുകയായിരുന്നു. സി.ഐ ഷിഹാബുദ്ദീന്, പ്രിന്‍സിപ്പല്‍ എസ്.ഐ അജ്മല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനീഷ്, മനോജ്, സിവില്‍ പോലീസ് ഓഫിസര്‍ സെയ്ഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തൊടുപുഴ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.