ലക്നൗ : മസ്ജിദുകളില്‍ ഉച്ചഭാഷിണി സ്ഥാപിക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈകോടതി തള്ളി. പള്ളികളില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നത് മൗലികാവകാശമല്ലെന്നും കോടതി പറഞ്ഞു. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് നിയമം പറയുന്നുവെന്ന് വ്യക്തമാക്കി ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
2021 ഡിസംബര്‍ മൂന്നിന് ബദൗണ്‍ ജില്ലയിലെ ബിസൗലി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഇര്ഫാന് എന്നയാളാണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ധോരന്പൂര് ഗ്രാമത്തിലെ നൂറി മസ്ജിദില്‍ ബാങ്കുവിളിക്ക് വേണ്ടി ഉച്ചഭാഷിണി സ്ഥാപിക്കാന്‍ എസ്ഡിഎം നേരത്തെ അനുമതി നിഷേധിച്ചിരുന്നുവെന്നായിരുന്നു പരാതി. എസ്ഡിഎമിന്റെ ഉത്തരവ് നിയമവിരുദ്ധമാണ് എന്നും അത് മൗലികാവകാശങ്ങളും നിയമപരമായ അവകാശങ്ങളും ലംഘിക്കുന്നു എന്നും ഹര്ജിക്കാരന് വ്യക്തമാക്കി. എന്നാല്‍ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.