കൊല്‍ക്കൊത്ത: കൊല്‍ക്കത്തയില്‍ ട്രയിനി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റായിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതി മദ്യത്തിനും അശ്ലീല വീഡിയോക്കും അടിമയാണെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ച് അശ്ലീല ചിത്രം കണ്ടതിനു ശേഷം സഞ്ജയ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് സൂചന. പോലീസിന്‍റെ സിവിക് വൊളണ്ടിയര്‍ ആയ സഞ്ജയ് റായ് നാല് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മോശം പെരുമാറ്റം കാരണം മൂന്ന് ഭാര്യമാരും ഉപേക്ഷിച്ചു. നാലാമത്തെ ഭാര്യ കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ചു. പ്രതിക്ക് ആശുപത്രിയിൽ തടസ്സമില്ലാതെ പ്രവേശിക്കാൻ കഴിയും. ഇക്കാരണത്താൽ, ആർക്കും ഇയാളിൽ അത്തരം സംശയമുണ്ടായിരുന്നില്ല, സംഭവദിവസം രാത്രിയിൽ പോലും ഇയാൾ പലതവണ ആശുപത്രിയിൽ വന്നിരുന്നു.
സംഭവ ദിവസം രാത്രി 11 മണിയോടെ മദ്യം കഴിക്കാൻ ആശുപത്രിക്ക് പുറകിൽ പോയി. അവിടെ മദ്യപിക്കുന്നതിനിടയിൽ ഒരു പോൺ സിനിമ കണ്ടു. ഇതിനുശേഷം പുലർച്ചെ നാലിന് പിൻവാതിലിലൂടെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലേക്ക് കടക്കുന്നത് കണ്ടിരുന്നു. ഇതിന് ശേഷം 4.45ഓടെ സെമിനാർ ഹാളിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകാൻ പ്രതി ശ്രമിച്ചിരുന്നുവെന്നതിന് തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയ ശേഷം, കുറ്റകൃത്യം ചെയ്യുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുകി. എന്നാൽ രക്തക്കറകൾ വ്യക്തമായി കാണാവുന്ന ഇയാളുടെ ഷൂ പൊലീസ് കണ്ടെടുത്തു. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ഇയാൾ പൂർണമായും മദ്യപിച്ചിരുന്നു.
പ്രതിയുടെ മൊബൈൽ നിറയെ പോൺ വീഡിയോകളാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായിരുന്നു കൊല്ലപ്പെട്ട 31കാരി.