തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്. താൻ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് ഫാർമസിസ്റ്റ് കുഞ്ഞിന്റെ അമ്മയോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. അഷ്ടമിച്ചിറയിലെ നീതി മെഡിക്കൽ സ്റ്റോറാണ് കുഞ്ഞുങ്ങൾക്കുള്ള പ്രോബയോട്ടിക് മരുന്നിന് പകരം മുതിർന്നവർക്കുള്ള നെബുലൈസർ മരുന്ന് മാറി നൽകിയത്. അരുൺ- അദ്രിക ദമ്പതികളുടെ കുഞ്ഞ് നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ഡോക്ടറുടെ വീട്ടിൽ പോയി കാണിച്ച ശേഷം ഈ ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷനുമായി ഈ ദമ്പതികൾ മാള ബ്ലോക്ക് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ എത്തി മരുന്ന് വാങ്ങിക്കുന്നത്.
അവിടെനിന്ന് ഡോക്ടർ നിർദ്ദേശിച്ചത് പ്രോബയോട്ടിക്കിന് ഉള്ള മരുന്നായിരുന്നു. പക്ഷേ അതിനുപകരം മെഡിക്കൽ ഷോപ്പ് നൽകിയത് നെബുലൈസർ വഴി ഉപയോഗിക്കുന്ന ഡ്യൂഡസോളിൻ മരുന്നായിരുന്നു എന്നുള്ളതാണ്. ഈ മരുന്ന് കണ്ടപ്പോൾ തന്നെ പിതാവിന് സംശയം ഉണ്ടായിരുന്നു. അപ്പോൾ ചോദിച്ചപ്പോൾ മെഡിക്കൽ ഷോപ്പിൽ നിന്നും അറിയിച്ചത് മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണ് എന്ന് ഈ ജീവനക്കാരി ഉറപ്പിച്ചു പറഞ്ഞതായാണ് പിതാവ് ആരോപിക്കുന്നത്. അതിനുശേഷം വീട്ടിലെത്തി മരുന്ന് നൽകി. മരുന്ന് നൽകിയതിനു ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാകുന്നത്. കുഞ്ഞ് നിർത്താതെ കരയുകയും അമിതമായി വിറക്കുന്നതും കണ്ട് പിന്നീട് തിരിച്ച് കുഞ്ഞിനെ ചികിത്സിച്ച ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. മരുന്ന് തെറ്റിയതാകാമെന്ന് നിഗമനത്തിലാണ് ഡോക്ടറും. കുഞ്ഞ് ഇപ്പോൾ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് .





























