കോന്നി : കൂടല്‍ കാരയ്ക്കാകുഴിയില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥാപിച്ച പുലിക്കൂടിന് സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ രാവിലെ 8.20 ഓടെ ആണ് ടാപ്പിഗ് തൊഴിലാളികള്‍ പുലിയെ കണ്ടത്. തൊഴിലാളികള്‍ ജോലിക്ക് പോകുവാന്‍ വരുമ്പോള്‍ പുലി വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്ത് കൂടി നടന്നു നീങ്ങുന്നത് കണ്ടത്. ആളുകളെ കണ്ടതോടെ പുലി കാടിനുള്ളിലേക്ക് മറയുകയും ചെയ്തു. നാട്ടുകാര്‍ സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗം ഷീന മുഖാന്തിരം പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഇവിടെ മുമ്പ് പുലി ഇറങ്ങിയതിനെ തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. ഇതിനുള്ളില്‍ ആടിനെ ഇരയായി കെട്ടിയിട്ട് കെണി ഒരുക്കിയിരുന്നു. ഇതിന് തൊട്ടടുത്തായാണ് ഇന്ന് പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. ഇഞ്ചപ്പാറയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ മുമ്പും പുലികളെ പിടികൂടിയിട്ടുണ്ട്. പുലിയെ കണ്ടതോടെ ഭയപ്പാടിലാണ് പുലര്‍ച്ചെ ജോലിക്ക് പോകുന്ന നാട്ടുകാര്‍.





























