മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം. പാട്ടത്തിനെടുത്ത പഴയ ഖനിയിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 17.96 കാരറ്റ് വജ്രമാണ് ഇവർക്ക് ലഭിച്ചത്.
അഖിലേഷ് പാലും മറ്റ് ആറ് തൊഴിലാളികളും ചേർന്ന് രണ്ട് വർഷം മുമ്പ് പന്നയിലെ സരോഖ ഗ്രാമത്തിൽ ഒരു ഖനി പാട്ടത്തിനെടുത്തിരുന്നു. എന്നാൽ ദീർഘകാലമായി വജ്രമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഒരു വർഷമായി ഈ ഖനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ പ്രദേശത്ത് പെയ്ത കനത്ത മഴയ്ക്ക് ശേഷം ഖനി പരിശോധിക്കാൻ എത്തിയപ്പോഴാണ് മണ്ണിന്റെ ഉപരിതലത്തിൽ വജ്രം തിളങ്ങി നിൽക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്.
ഡയമണ്ട് ഒഫീഷ്യൽ സാക്ഷ്യപ്പെടുത്തിയതനുസരിച്ച്, 17.96 കാരറ്റ് തൂക്കമുള്ള ഈ വജ്രം ഏറ്റവും മികച്ച ‘ജെം ക്വാളിറ്റി’ വിഭാഗത്തിൽ പെടുന്നതാണ്. വരുന്ന ഒക്ടോബർ മാസത്തിൽ സർക്കാർ മേൽനോട്ടത്തിൽ ഈ വജ്രം ലേലം ചെയ്യും. ഇതിലൂടെ ഏകദേശം 50 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.ലേലത്തുകയിൽ നിന്ന് 12% റോയൽറ്റി സർക്കാർ ഈടാക്കിയ ശേഷം, ബാക്കി തുക ഏഴ് തൊഴിലാളികൾക്കുമായി തുല്യമായി വീതിച്ചു നൽകും. കടുത്ത കടക്കെണിയിലും സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്ന ഈ തൊഴിലാളികൾക്ക് കുട്ടികളുടെ വിദ്യാഭ്യാസം, വീട് നിർമ്മാണം, മറ്റ് കുടുംബ ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ ഈ വജ്രക്കണ്ടെത്തൽ വലിയൊരു ആശ്വാസമായിരിക്കുകയാണ്. ഇന്ത്യയുടെ ‘വജ്ര ഹബ്ബ്’ എന്നറിയപ്പെടുന്ന പന്നയിൽ ഇത്തരം അദ്ഭുത കണ്ടെത്തലുകൾ മുൻപും ഉണ്ടായിട്ടുണ്ട്.





























