ന്യൂഡല്‍ഹി: ഡല്‍ഹി തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലുസീറ്റും തൂത്തുവാരി ആംആദ്മി പാര്‍ട്ടി. ഒരു സീറ്റില്‍ കോണ്‍ഗ്രസിനാണ് ജയം. 2022 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുള്ള സന്ദേശമാണ് എ.എ.പിയുടെ വിജയമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ബി.ജെ.പി ഭരണത്തില്‍ മനം മടുത്തതായും സിസോദിയ കൂട്ടിച്ചേര്‍ത്തു.
രാവിലെ 11 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കല്യാണ്‍പുരി, രോഹിണി സി, ത്രിലോക്പുരി, ശാലിമാര്‍ ബാഗ് എന്നിവിടങ്ങളില്‍ എ.എ.പി ജയിച്ചു. ചൗഹാന്‍ ബംഗറിലാണ് കോണ്‍ഗ്രസിന്‍റെ വിജയം. അഞ്ചുസീറ്റില്‍ ഒരു സീറ്റ് ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ആ സീറ്റും നഷ്ടപ്പെടുകയായിരുന്നു.
നാലിടങ്ങളിലെ കൗണ്‍സലര്‍മാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. 2019ല്‍ ബി.ജെ.പിയുടെ രേണു ജാജുവിന്റെ മരണത്തെ തുടര്‍ന്നാണ് ഒരിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ അഞ്ച് മുനിസിപ്പല്‍ വാര്‍ഡുകളിലും 50 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.