ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പൂര്‍ണമായ അഴിച്ചുപണി അനിവാര്യമെന്ന് ദീപ്‌കെ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 വിദ്യാര്‍ഥികളാണ് ഐഐടികളില്‍ ആത്മഹത്യ ചെയ്തത്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദീപ്‌കെ ചോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് എല്ലാ രീതിയിലും പിന്തുണ ലഭിക്കേണ്ടതുണ്ട്. മാത്രമല്ല വിദ്യാര്‍ഥികളെ കേള്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
ഡല്‍ഹി ഐഐടിയിലെ എംഎസ്‌സി ഫിസിക്സ് വിദ്യാര്‍ഥിയായ ഋഷികേശ് കുമാർ (31) ആഗസ്റ്റ് 22നാണ് മരിച്ചത്. ലെക്ച്ചര്‍ ഹാള്‍ കോപ്ലക്‌സിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് ഋഷികേശ് മരണപ്പെട്ടത്. സംഭവത്തില്‍ വിരമിച്ച ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുക്താ ഗുപ്തയുടെ നേതൃത്വത്തില്‍ ഐഐടി അധികൃതര്‍ ബാഹ്യ അന്വേഷണ സമിതി രൂപികരിച്ചു. നാല് വിദ്യാർഥി പ്രതിനിധികളും സമിതിയിൽ ഉൾപ്പെടുന്നു. പ്രസ്തുത സമിതി രണ്ട് ആഴ്ചക്കകം വിഷയത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം വിദ്യാര്‍ഥിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.































