തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനിടിച്ച് എന്‍ജിനിലെ കമ്പിയില്‍ കുരുങ്ങിയ വയോധികന്‍ മരിച്ചു. മുട്ടപ്പലം തച്ചോട് കുന്നുവിളവീട്ടില്‍ ഭാനു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 9. 20 ഓടെ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് ദാരുണാന്ത്യം. വര്‍ക്കല സ്റ്റേഷന് മുന്നിലുള്ള ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ഭാനു ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ലെവല്‍ ക്രോസ് പെട്ടന്ന് മുറിച്ച് കടക്കാനാവാതെ ഇയാള്‍ ട്രെയിനിന് മുന്നില്‍ പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വയോധികന്‍ എന്‍ജിന് മുന്നിലുള്ള കൂര്‍ത്ത കമ്പിയില്‍ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചുകയറിയതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് വര്‍ക്കല പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം എന്‍ജിനില്‍നിന്നും വേര്‍പെടുത്തിയത്.





























