ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബി ജെ പി. വന്ദേമാതരത്തിനെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പുതിയ മുസ്ലീം ലീഗായി കോണ്‍ഗ്രസ് മാറിയെന്നും നടപടി രാജ്യദ്രോഹപരമാണെന്നും ബി ജെ പി വിമര്‍ശിച്ചു. എ ഐ സിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനത്തിലെ പാളിച്ചയും സംസ്ഥാനങ്ങളില്‍ ഏകോപനമില്ലാതെ പോയതും ചൂടേറിയ ചര്‍ച്ചക്കാണ് ഇന്നെല നാല് മണിക്കൂറോളം നീണ്ട കോൺഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വഴി വച്ചത്.
ഇനി പാളരുതെന്ന ജാഗ്രതയിലാണ് രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന തീരുമാനം പ്രവര്‍ത്തക സമിതിയിലുണ്ടായത്. ആ നിര്‍ദ്ദേശവും ബി ജെ പി ആയുധമാക്കുകയാണ്. 1937 ല്‍ വന്ദേമാതരത്തിന്‍റെ കാര്യത്തില്‍ മുസ്ലീംലീഗ് കാട്ടിയ അതേ പിടിവാശിയാണ് കോണ്‍ഗ്രസ് ഇന്ന് കാട്ടുന്നതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. പുതിയ മുസ്ലീംലീഗ് എന്ന സംശയം ഇതോടെ അവസാനിച്ചെന്നും ബി ജെ പി വക്താവ് സുധാംശു ത്രിവേദി എം പി വിമര്‍ശിച്ചു. ഒരു പടി കൂടി കടന്ന് പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തെ തള്ളുന്നത് രാജ്യദ്രോഹപരമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.





























