തിരുവനന്തപുരം : പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കണ്‍സള്‍ട്ടന്‍സി സേവനം അവസാനിപ്പിക്കാന്‍ സ്‌പേസ് പാര്‍ക്ക് അവലോകന യോഗം ആലോചിച്ചിരുന്നതായി സൂചിപ്പിക്കുന്ന മിനിട്ട്‌സ് പുറത്ത്. കഴിഞ്ഞ മേയില്‍ നടന്ന സ്‌പേസ് പാര്‍ക്ക് അവലോകന യോഗത്തിലാണ് ജോലിയില്‍ സ്വപ്‌നയ്ക്കുള്ള കഴിവിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്.
എന്നാലിത് നടപ്പായില്ല. ജോലിയില്‍ സ്വപ്നയുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. ഈ യോഗത്തില്‍ ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വപ്നയെ പുറത്താക്കാന്‍ നടപടി എടുത്തില്ല. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്നയെ നിയമിച്ചത്. കൂടുതല്‍ എന്‍ജിനീയറിങ്, സ്‌പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്‌പേസ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചത്.
സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കു സേവനം നല്‍കിയിരുന്നതു കെപിഎംജിയായിരുന്നു. എന്നാല്‍ കണ്‍സള്‍ട്ടന്റിനെ ആവശ്യപ്പെട്ടു സ്‌പേസ് പാര്‍ക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവര്‍ മറുപടി കൊടുത്തില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.