തിരുവനന്തപുരം : അച്ചന്‍കോവില്‍ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാനായി നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനമായി. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം എല്‍ എയുടെ അഭ്യര്‍ഥന പ്രകാരം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത് ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 86 കോടി രൂപ മുടക്കിയാണ് അച്ചന്‍കോവില്‍ – പ്ലാപ്പള്ളി റോഡ് പുനര്‍നിര്‍മിക്കുന്നത്. ഇപ്പോള്‍ മൂന്നു റീച്ചുകളിലാണ് പുനര്‍നിര്‍മാണം. തണ്ണിത്തോട് -ചിറ്റാര്‍ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്. 3.80 കിലോമീറ്റര്‍ ദൂരത്തില്‍ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും. സീതത്തോട് പാലമാണ് മൂന്നാം റീച്ചില്‍ ഉള്‍പ്പെടുന്നത്.
വനത്തില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടി നിര്‍മിക്കേണ്ടതുണ്ട്. അതിനുള്ള അനുമതി നേടിയെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അച്ചന്‍കോവില്‍-കല്ലേലി, തണ്ണിത്തോട് – ചിറ്റാര്‍ ഭാഗങ്ങളിലാണ് വനം വകുപ്പ് അനുമതിയോടെ നിര്‍മാണം നടത്തേണ്ടത്. എല്ലാ അനുമതികളും വേഗത്തില്‍ ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി യോഗത്തില്‍ പറഞ്ഞു.
അനുമതി ലഭ്യമായ ശേഷമായിരിക്കും വനമേഖലയില്‍ നിര്‍മാണം ആരംഭിക്കുക. സീതത്തോട് പാലം ഉള്‍പ്പടെ വനേതര മേഖലയിലെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കാന്‍ കഴിയും. 10 മുതല്‍ 12 മീറ്റര്‍ വരെ വീതിയിലാവും റോഡ് നിര്‍മിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗത്തെ അറിയിച്ചു. ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലാണ് റോഡ് നിര്‍മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോര്‍ഡിന്റെ (കെആര്‍എഫ്ബി) ചുമതലയിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. ജില്ലയിലെ പ്രധാന റോഡായി അച്ചന്‍കോവില്‍- പ്ലാപ്പള്ളി മാറുമെന്ന് എംഎല്‍എ പറഞ്ഞു. സീതത്തോട് പാലവും പദ്ധതിയുടെ ഭാഗമാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനകരമായ പാതയുടെ നിര്‍മാണം എത്രയും വേഗം യാഥാര്‍ഥ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍,അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, കെആര്‍എഫ്ബി പ്രൊജക്റ്റ് ചീഫ് എന്‍ജിനീയര്‍ ഡിങ്കി ഡിക്രൂസ്, വനം വകുപ്പ് ദക്ഷിണ മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എന്‍. ശ്യാം മോഹന്‍ലാല്‍, പി.കെ. ജയകുമാര്‍ ശര്‍മ്മ, കെആര്‍എഫ്ബി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റോയ് പി. തോമസ്, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഹാരിസ് എന്നിവര്‍ പങ്കെടുത്തു.