മുംബൈ: ധാരാവിയിലെ കോവിഡ് നിയന്ത്രണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ (എസിപി) രമേഷ് നംഗ്രെ (55) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ധാരാവി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായിരുന്നു നംഗ്രെ. ലോക്ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ ധാരാവിയിലെ കോവിഡ് വ്യാപനത്തിന് തടയിടാന്‍ കഴിഞ്ഞു. ഇതിലൂടെ ലോകരോഗ്യ സംഘടനയുടേതുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമാണ് പ്രശംസ നേടിയത്.
ധാരാവി പോലീസ് സ്‌റ്റേഷനിലെ 60 ഉദ്യോഗസ്ഥര്‍ വരെ കോവിഡ് ബാധിതരായിട്ടും സ്‌റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ഈയിടെയാണ്.