കൊച്ചി : ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. നടിയും മോഡലും ആയ എലീന കാതറിന്‍ ആണ് വധു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ എലീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലു വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നും താന്‍ സമ്മതം മൂളിയെന്നും എലീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു.
യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ബാലു വര്‍ഗീസ്. ഇദ്ദേഹം നടന്‍ ലാലിന്റെ സഹോദരി പുത്രന്‍ കൂടിയാണ്. 2015ല്‍ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എലീന അറിയപ്പെടുന്ന മോഡലാണ്. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളില്‍ എലീന അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന പെണ്ണുകാണല്‍ ചടങ്ങിന്റേതുള്‍പ്പടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസും താരം പങ്കുവച്ചിട്ടുണ്ട്. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിങ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.