കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 29 മുതൽ. ദിലീപ് ഉള്‍പ്പെടെ കേസിലെ 10 പ്രതികളും വിചാരണ നടക്കുന്ന സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായി കുറ്റപത്രം കേട്ടു. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ പ്രതികള്‍ നിഷേധിച്ചു. ഇതോടെ വിചാരണ നടപടികള്‍ ആരംഭിയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
29 നാണ് വിചാരണ നടപടികൾ തുടങ്ങുക. ഇതിന് മുന്നോടിയായി സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ക്കായി നാളെ കേസ് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനും പ്രതിഭാഗത്തിനുമായി വിസ്തരിയ്‌ക്കേണ്ട സാക്ഷികളുടെ പട്ടികയും തയ്യാറാക്കും. 355 സാക്ഷികളാണ് കേസിലുള്ളത്.
ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരാണ് നിലവില്‍ റിമാന്റിലുള്ളത്. അഞ്ചാം പ്രതി സലിമിനും എട്ടാം പ്രതി ദിലീപിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.