കൊച്ചി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യ മാധവന്റെ അമ്മയെയുമാകും ഇന്ന് വിസ്തരിക്കുക.
കൊച്ചിയിൽ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സാക്ഷി വിസ്താരം വിചാരണ കോടതിയിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഗായിക റിമി ടോമിയുടെയും പ്രെഡക്ഷൻ കൺട്രോളർ ഡിക്സന്റെയും വിസ്താരം ഇന്നലെ പൂർത്തിയായി.
നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് ഇന്നലെ ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്ഥലത്തില്ലാത്തതിനാൽ കുഞ്ചാക്കോ ബോബൻ കോടതിയിൽ അവധി അപേക്ഷ നൽകി. തുടർന്ന് വരുന്ന 9 ന് ഹാജരാകാൻ കോടതി അനുവദിച്ചിട്ടുണ്ട്. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ തീയതി ഇന്ന് കോടതി തീരുമാനിക്കും. കേസിലെ നിർണായ സാക്ഷികളാണ് ഇന്ന് വിസ്തരിക്കുന്ന ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും.