അടൂർ: തമിഴ് ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനുശേഷം ഒളിവില്‍പോയ വയോധികനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഗോപനിലയം വീട്ടില്‍ ഗോപിനാഥ കുറുപ്പിനെയാണ് (61) പിടികൂടിയത്.
അടൂരില്‍ സ്വന്തമായി വീടുള്ള കുറുപ്പ് കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. പറക്കോടും ഏഴംകുളത്ത് കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഇയാള്‍ നാളുകളായി ഏഴംകുളം പ്ലാന്റേഷന് കവലയിലെ സ്വകാര്യ ഹാർഡ്വെയര് കടയുടെ പിറകിലാണ് അന്തിയുറങ്ങിയിരുന്നത്. പ്ലാന്റേഷന്മുക്കില് വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ് കുടുംബത്തിലെ ബാലനെയാണ് അനുനയിപ്പിച്ച് പീഡിപ്പിച്ചത്.
നാട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിൻെറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൃദയസംബന്ധമായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സി.ഐ യു. ബിജു, എസ്.ഐമാരായ ശ്രീജിത്, ബിജു ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ അനുരാഗ് മുരളീധരന്, ഫിറോസ് കെ. മജീദ്, റോബി ഐസക് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.