അടൂര്‍ : കഴിഞ്ഞ ഓണത്തിന് പച്ചക്കറി കിറ്റ് വിതരണം നടത്തുവാൻ ഇറങ്ങിയ അടൂരിലെ ഒരു പറ്റം ചെറുപ്പക്കാരുടെ മനസ്സിൽ ഉടക്കി നിന്ന ഒരു കാഴ്ച പിന്നിടുള്ള മിക്ക ദിവസങ്ങളിലുംഅവരുടെ ഉറക്കം കെടുത്തി.
കാടുകള്‍ തിങ്ങിവളര്‍ന്നു നില്‍ക്കുന്ന വഴിയും കടന്ന് എത്തിയത് ഏതുസമയവും ഇടിഞ്ഞു വീഴാറായ ഒരു കൂരക്കു മുമ്പില്‍. ഇടിഞ്ഞുപൊളിഞ്ഞ ഭിത്തിയിൽ ഒരു വേലിക്കല്ല് ചാരി മറിഞ്ഞുവീഴാതെ നിര്‍ത്തിയിരിക്കുന്നു. അന്തേവാസികളായി ശരീരം തളർന്നു കിടക്കുന്ന ഗൃഹനാഥനും പട്ടിണിയുടെ ദൈന്യത കണ്ണിൽ എഴുതിവെച്ചിരിക്കുന്ന കുഞ്ഞുങ്ങളും. ഒപ്പം നീറുന്ന മനസ്സുമായി ഇവരെ പരിചരിക്കുന്ന ഗൃഹനാഥയും. സ്നേഹപൂര്‍വ്വം വെച്ചുനീട്ടിയ ഓണക്കിറ്റ് വിടര്‍ന്ന കണ്ണുകളോടെ അവര്‍ ഏറ്റുവാങ്ങുമ്പോള്‍, അത് നല്‍കിയവര്‍ക്കും മനസ്സിന് സംതൃപ്തി. എന്നാല്‍ ആ ചെറുപ്പക്കാരുടെ മനസ്സില്‍ ഒരു നൊമ്പരമായി ഈ കുടുംബം അവശേഷിച്ചു.
അന്ന് തിരികെ പോയ ആ ചെറുപ്പക്കാരുടെ സംഘം പിന്നെയും ആ വീട്ടിലേക്ക് എത്തി. അന്നെത്തുമ്പോൾ അവരുടെ ഓരോരുത്തരുടെയും മുഖത്ത് നിശ്ചയദാര്‍ഢ്യം തെളിഞ്ഞുകാണാമായിരുന്നു. വരുന്ന ഓണക്കാലത്തിനു മുമ്പ് കാറ്റും മഴയും പേടിക്കാതെ ആ കുഞ്ഞു കുടുംബത്തിനു കിടന്നുറങ്ങാൻ അടച്ചുറപ്പ് ഉള്ള ഒരു വീട് വാഗ്ദാനം ചെയ്താണ് അന്നവർ മടങ്ങിയത്.
പിന്നീടങ്ങോട്ട് വിശ്രമം ഉണ്ടായിരുന്നില്ല. വഴിയില്ലാത്ത വീട്ടിലേക്ക് വഴി തെളിച്ചു, വീട് പണിയാന്‍ നിര്‍മ്മാണ സാമഗ്രികള്‍ ചുമന്നു, പൊരിവെയിലത്ത് സ്വന്തം വിയര്‍പ്പൊഴുക്കി, കൂടാതെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും തങ്ങളുടെ വിഹിതം വീട് പണിക്കുവേണ്ടി ചെലവഴിച്ചു. വിവരം അറിഞ്ഞ് സുമനസ്സുകള്‍ സഹായിച്ചു. അങ്ങനെ ഈ ഓണത്തിനു മുമ്പുതന്നെ അടൂര്‍ യുവതയുടെ സ്നേഹവീട് പൂര്‍ത്തിയായി. ഇനി പാലുകാച്ചല്‍ ചടങ്ങും ഗൃഹപ്രവേശവും നടക്കണം…അതിനുള്ള ഒരുക്കത്തിലാണ് യുവതയുടെ പ്രവര്‍ത്തകര്‍.