അഹമ്മദാബാദ് : ഗുജറാത്തിലെ ഭറൂച്ച് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഫൈസൽ പട്ടേലും മുംതാസ് പട്ടേലും. അന്തരിച്ച കോൺഗ്രസ് നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളാണ് ഇരുവരും. പക്ഷെ, ഇന്ത്യമുന്നണിയിലെ ആം ആദ്മി പാർട്ടിയാകട്ടെ ചൈതർ വസാവയെ ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. തനിക്ക് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താത്‌പര്യമുണ്ടെന്ന് കഴിഞ്ഞവർഷംതന്നെ മുംതാസ് പട്ടേൽ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ മഹിളാ വിഭാഗത്തിലും സന്നദ്ധസംഘടനകളിലും സജീവമാണ് മുംതാസ്. ഫൈസൽ പട്ടേൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽതന്നെ മത്സരസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. അദ്ദേഹം എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിച്ചത് അഭ്യൂഹങ്ങൾക്കിടയാക്കുകയും ചെയ്തു. ഏതാനും മാസംമുമ്പ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സി.ആർ. പാട്ടീലിനൊപ്പവും ആളെ കണ്ടു. ഇപ്പോൾ മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഫൈസലിന്റെ ചിത്രവുമായി ‘പോരാട്ടത്തിന് തയ്യാർ’ എന്ന ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.