പാലക്കാട് : പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ഗതാഗത വകുപ്പ് കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ . ശശീന്ദ്രൻ. വിജിലൻസിന്‍റെ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ സസ്പെഷൻ ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെ വകുപ്പിൽ അടിക്കടി ഇത്തരം കേസുകൾ ഉണ്ടാകുന്നത് തടയുന്നതിന് മോട്ടോർ വാഹന വകുപ്പിലെ എല്ലാ സേവനങ്ങളും കംപ്യൂട്ടർ വത്കരിച്ച് ക്യാഷ്ലസ് ഓഫിസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ജനുവരി മാസത്തോടെ ക്യാഷ്ലസ് സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. വാളയാർ , ആര്യങ്കാവ് ചെക്ക് പോസ്റ്റുകളും പൂർണ്ണതോതിൽ കംപ്യൂട്ടർ വത്ക്കരിക്കുന്നുണ്ട്. ഇലക്ട്രോണിക് വേയിംഗ് മെഷീൻ സ്ഥാപിക്കുന്ന നടപടികൾ ഇപ്പോൾ നടന്നുവരുന്നുവെന്നും മന്ത്രി അറിയിച്ചു. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടലുകൾ പരമാവധി ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ കഴിയും. പാലക്കാട് ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലേയും ചെക്ക്പോസ്റ്റുകളിൽ വകുപ്പ് മേലധികാരിയുടെ പരിശോധന കുടുതൽ കർശനമാക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി എ. കെ . ശശീന്ദ്രൻ നിർദ്ദേശം നൽകി.