ആലപ്പുഴ: വേമ്പനാട് കായലിലെ നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍. നെടിയതുരുത്ത് ദ്വീപില്‍ 350 കോടി രൂപ മുടക്കി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെയാണിത്.
റിസോര്‍ട്ട് പൊളിക്കുന്നതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടവും പാണാവള്ളി പഞ്ചായത്തും പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി. സുപ്രീം കോടതി ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍നിന്ന് അറിയിച്ചിരുന്നു. മരടിലെ ഫ്‌ളാറ്റുകളുമായി താരതമ്യം ചെയ്‌താല്‍ ഇവിടെ ബഹുനില കെട്ടിടങ്ങളില്ല. അതിനാല്‍ സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ക്കേണ്ട ആവശ്യമില്ല.
കെട്ടിടങ്ങളും കോണ്‍ഫറന്‍സ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനുംചുറ്റും സ്‌ഥാപിച്ച വില്ലകളും പൊളിച്ചുനീക്കണം. അവശിഷ്‌ടങ്ങള്‍ കായലില്‍ വീഴരുതെന്ന ശ്രമകരമായ ദൗത്യവും നടപ്പാകേണ്ടതുണ്ട്. കോടതിവിധി പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ അതിനുള്ള സംവിധാനങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നാണ് പാണാവള്ളി പഞ്ചായത്ത് അധികൃതരുടെ വാദം. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കേണ്ടിവരും.