ആലപ്പുഴ : കൊട്ടി ഘോഷിച്ച് ഉദ്ഘാടനം നടത്തിയ ബൈപ്പാസില്‍ വിള്ളല്‍. കിഴക്കന്‍ വെനീസിന്റെ സ്വപ്‌നപദ്ധതിയായിരുന്നു ബൈപ്പാസ് നിര്‍മ്മാണം. ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പാലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കൊമ്മാടി മുതല്‍ കളര്‍കോട് ജംഗ്ഷന്‍ വരെ നീളുന്ന ബൈപ്പാസിന്റെ നിര്‍മ്മാണം നാലുപതിറ്റാണ്ടോളം എടുത്താണ് പൂര്‍ത്തീകരിച്ചത് . യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ ആരംഭിച്ച പദ്ധതി നിലവിലെ എല്‍ഡി എഫ് മന്ത്രിസഭയുടെ കാലത്താണ് പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യണമെന്ന വാശിയിലായിരുന്നു പിണറായി സര്‍ക്കാര്‍. കഴിഞ്ഞ 28നാണ് പാലം ഉദ്ഘാടനം ചെയ്തത്.
കൊമ്മാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രം വരുന്ന മാളിക മുക്കിന് സമീപമാണ് ബൈപ്പാസ് പാലത്തില്‍ രണ്ടിടങ്ങളിലായി വിള്ളലുകള്‍ വീണിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഗുണനിലവാരമില്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഏതു കരാര്‍ പണി നടന്നാലും അതിന്റെയെല്ലാം വിഹിതം ചിലരുടെയൊക്കെ പോക്കറ്റുകളില്‍ കൃത്യമായി എത്തുമെന്നത് പരസ്യമായ രഹസ്യമാണ്.
മൊത്തം തുകയില്‍നിന്നും വീതം വെച്ചുകഴിയുമ്പോള്‍ പാലം പണിയാന്‍ ആവശ്യമായ തുക കാണാറില്ല. അതുകൊണ്ടുതന്നെ നിര്‍മ്മാണത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യുകയാണ് പതിവ്. ഇവിടെയും ഇതാണ് സംഭവിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.ആലപ്പുഴ ബൈപ്പാസ് മറ്റൊരു പാലാരിവട്ടം പാലം ആകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. പാലത്തിലൂടെ യാത്ര ചെയ്യുവാന്‍ ഭയക്കുകയാണ് ജനങ്ങള്‍.