തിരുവനന്തപുരം : ഭാരതീയ വൈദിക സംസ്കാര ധാരയുടെ അരണിയിൽ അഗ്നിജ്വലിപ്പിച്ച ബ്രാഹ്മണ ആചാര്യ സമൂഹത്തിന്റെ ഉന്നമനവും ആ സംസ്കാര പൈതൃകം പുതു തലമുറയിലേയ്ക്കു പകർന്ന് വൈദിക, താന്ത്രിക ശാസ്ത്രങ്ങളുടെ ശോഷണ രഹിതമായ സംസ്ഥാപനവും ലക്ഷ്യമാക്കി 2010 ൽ രൂപീകരിച്ച ആചാര്യ സംഘടനയാണ് അഖിലകേരള തന്ത്രി മണ്ഡലം. ആചാര്യ സ്ഥാനത്തു വർത്തിക്കുവാൻ വരും തലമുറകളെ പ്രാപ്തമാക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് തന്ത്രി മണ്ഡല വിദ്യാപീഠം താന്ത്രിക് & വേദിക് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ) എന്ന സ്ഥാപനവും തന്ത്രിമണ്ഡലത്തിന്റെ ഉടമസ്ഥതയിൽ തുടങ്ങി മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു. തന്ത്രി മണ്ഡലത്തിന്റെ 13-ാ മത് സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും “ഭാർഗ്ഗവം2023 ” കോഴിക്കോട് ഭാർഗ്ഗവനഗരിയിൽ ( കേസരിഭവൻ ) 1199 ധനു 13 (2023 ഡിസംബർ 29 ) വെള്ളിയാഴ്ച നടക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ.വി ആർ നമ്പൂതിരി ധ്വജാരോഹണം നടത്തി വേദഘോഷണങ്ങളോടെ സമ്മേളനത്തിന് നാന്ദി കുറിയ്ക്കും. ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി (ഗിരീഷ്) ആചാര്യന്മാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് തന്ത്രിമണ്ഡലത്തിന്റെ സ്ഥാപകനേതാവും രക്ഷാധികാരിയുമായ ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി ശങ്കരാചാര്യ ദീപ പ്രോജ്ജ്വലനവും ആലപ്പുഴ ജില്ലാ മണ്ഡലം പ്രസിഡന്റ് ബ്രഹ്മശ്രീ പുത്തില്ലം നാരായണൻ നമ്പൂതിരി ഭാർഗ്ഗവദീപ പ്രോജ്ജ്വലനവും നടത്തും. നിറപറ സമർപ്പണത്തിനു ശേഷം അവതരണ ഗാനാലാപനത്തോടെ സംസ്ഥാന സമ്മേളനം ആരംഭിക്കും. സുവർണ്ണ മുല്ലപ്പള്ളി ഈശ്വര പ്രാർത്ഥന ചൊല്ലും. പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ. വി.ആർ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം രാധാകഷ്ണൻ പോറ്റി സ്വാഗതമാശംസിയ്ക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണു നമ്പൂതിരിയുടെ ആമുഖ പ്രഭാഷണത്തെ തുടർന്ന് എം.കെ രാഘവൻ എം.പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
വിശിഷ്ടാതിഥികളായി ശോഭാ സുരേന്ദ്രൻ (ബി ജെ പി ജില്ലാ പ്രഭാരി, കോഴിക്കോട്), പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, അഡ്വ. ബി മോഹൻദാസ് (ചെയർമാൻ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്) എം ആർ മുരളി (പ്രസിഡന്റ്, മലബാർ ദേവസ്വം ബോർഡ്) ഡോ. സുദർശനൻ എം.ബി (പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്) എന്നിവർ പങ്കെടുക്കും. ബ്രഹ്മശ്രീ കൈതപ്രം ദാരമാദരൻ നമ്പൂതിരിയെ ‘വാഗ്ഗേയശ്രീ’ പുരസ്കാരവും, സജിത പള്ളത്തിനെ (സിനി ആർട്ടിസ്റ്റ് ) ‘നാട്യ ഭാരതി’ പുരസ്കാരവും സുപ്രസിദ്ധ ഗാനരചയിതാവും ഗായകനുമായ സന്ദീപ് സുധയെ ‘ദേവദുന്ദുഭി’ പുരസ്കാരവും നൽകി ആദരിക്കും. ചക്ര ലേഖനത്തിന് ദേശീയ പുരസ്കാരം നേടിയ ബ്രഹ്മശ്രീ പൊന്നടുക്കം നാരായണൻ നമ്പൂതിരിയെ യോഗത്തിൽ ആദരിയ്ക്കും.
തന്ത്രിമണ്ഡലവിദ്യാപീഠം ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി, വൈസ് ചെയർമാൻ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, ഐ ടി കോ ഓർഡിനേറ്റർ ബ്രഹ്മശ്രീ എസ് സുബ്രഹ്മണ്യൻ നമ്പൂതിരി, HOD മാരായ ജ്യോതിഷ ആചാര്യ ബ്രഹ്മശ്രീ കെ കൃഷ്ണകുമാർ ഭട്ടതിരി, വാസ്തു ആചാര്യ പങ്കജ കേശവം കെ. ഓമനക്കുട്ടൻ എന്നിവരെ ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം നൽകിയും ശബരിമല മുൻമേൽ ശാന്തിയും ജ്യോതിഷ താന്ത്രിക ആചാര്യനുമായിരുന്ന വാഴയിൽമഠം കെ ശങ്കരൻ നമ്പൂതിരി സ്മൃതിപുരസ്കാരം ഗുരുവായൂർ, ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ എഴിക്കോട് ശശി നമ്പൂതിരിയ്ക്കും, തന്ത്രിമണ്ഡലത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി സ്മൃതിപുരസ്കാരം ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ. തെക്കേടത്തു മന വിഷ്ണുനമ്പൂതിരിയ്ക്കും ആലപ്പുഴ ജില്ലാ മണ്ഡലം സെക്രട്ടറിയായിരുന്ന വെങ്ങാട്ടൂർ ഇല്ലം എസ്. ഈശ്വരൻ നമ്പൂതിരി സ്മൃതിപുരസ്കാരം താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ശീരവള്ളി കൃഷ്ണൻ നമ്പൂതിരിയ്ക്കും നൽകി ആദരിക്കും.
സുകൃതാചാര്യ ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി (രക്ഷാധികാരി), ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് (സോമയാഗ യജമാനൻ), ബ്രഹ്മശ്രീ പുത്തില്ലം നാരായണൻ നമ്പൂതിരി (ആലപ്പുഴ ജില്ലാ മണ്ഡലം പ്രസിഡന്റ്), ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (വൈസ് പ്രസിഡന്റ്,ആലുവ തന്ത്രവിദ്യാപീഠം, മുൻസംസ്ഥാന വൈസ് പ്രസിഡന്റ്,യോഗക്ഷേമസഭ), എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ബ്രഹ്മശ്രീ നിരജ് (ജന.സെക്രട്ടറി ശാന്തി ക്ഷേമ യൂണിയൻ), ബ്രഹ്മശ്രീ ശങ്കരര് ശങ്കരര് ഭദ്രദാസര് (ജില്ലാ പ്രസിഡന്റ് കൊല്ലം), ബ്രഹ്മശ്രീ ലാൽ പ്രസാദ് ഭട്ടതിരി (പ്രസിഡന്റ് പത്തനംതിട്ട), ബ്രഹ്മശ്രീ മധുമരങ്ങാട് (ജില്ലാ പ്രസിഡന്റ് കണ്ണൂർ), ബ്രഹ്മശ്രീ കുനി കേശവൻ നമ്പൂതിരി (ജില്ലാ പ്രസിഡന്റ് കോഴിക്കോട്), ബ്രഹ്മശ്രീ ഈശ്വരൻ എമ്പ്രാന്തിരി (ജില്ലാ പ്രസിഡന്റ് കാസർകോട്), ബ്രഹ്മശ്രീ മധു അരീക്കര (കോഴിക്കോട് ജില്ലാ പ്രസിഡന്റ് യോഗക്ഷേമ സഭ) – എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിയ്ക്കും.
കോഴിക്കോട് ജില്ലാ കർമ്മസമിതി അംഗങ്ങളായ പ്രസിഡന്റ് കുനിയിൽ കേശവൻ നമ്പൂതിരി, സെക്രട്ടറി രാമകൃഷ്ണഹരി നമ്പൂതിരി, വൈസ് പ്രസിഡന്റ് കോറമംഗലം കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി നിധീഷ് നമ്പൂതിരി, ട്രഷറർ കൃഷ്ണകുമാർ കോയ്മ മഠം എന്നിവരെ”അർപ്പണശ്രീ ” ഉപഹാരം നൽകി ആദരിക്കും. SSLC, CBSE, Plus 2 പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് ഈ തലങ്ങളിൽ ഉന്നതവിജയം കൈവരിച്ചവരേയും യോഗത്തിൽ ആദരിയ്ക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രഹ്മശ്രീ കുടൽ മന പി.വിഷ്ണുനമ്പൂതിരി യോഗത്തിന് കൃതജ്ഞത അർപ്പിയ്ക്കും.
































