കോന്നി: കോന്നി ആനക്കൂട്ടിൽ ആനകളുടെ വ്യായാമവും ഭക്ഷണക്രമീകരണവും സംബന്ധിച്ച് ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ പറഞ്ഞു. ആനകൾ നിരന്തരം ചരിയാൻ കാരണം വ്യായാമക്കുറവും ഭക്ഷണക്രമീകരണത്തിലെ പാളിച്ചയുമാണെന്ന ആരോപണത്തിൽ വനംവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. ആനകളെ പരിപാലിക്കുന്നതിൽ ഏറെ പ്രശസ്തമായിരുന്ന കോന്നി ആനത്താവളം ഇന്ന് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രദർശന കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 28 വയസ് മാത്രമുള്ള കുങ്കിയാന കോടനാട് നീലകണ്ഠന്‍ ചരിഞ്ഞത്. എരണ്ടക്കെട്ടും തുടര്‍ന്നുള്ള അണുബാധയുമാണ് കാരണമെന്നാണ് കണ്ടെത്തല്‍.
മൂന്ന് വര്‍ഷം മുന്‍പ് സമാനരീതിയിൽ മൂന്ന് ആനകളാണ് ആനക്കൂട്ടില്‍ ചരിഞ്ഞത്. വ്യായാമക്കുറവാണ് എരണ്ടക്കെട്ടിന് കാരണമെന്ന ആരോപണം അന്വേഷിക്കണം. കൂടാതെ ആനക്കൂട്ടില്‍ ആവശ്യത്തിന് സ്ഥലമില്ലെന്നത് വസ്തുതയാണ്. ദിവസവും ആനകളെ നിശ്ചിത ദൂരം നടത്തണമെന്നുണ്ട്. എന്നാൽ ആനകളെ നടത്തിക്കാൻ നിലവിലെ പാപ്പാന്‍മാര്‍ക്ക് മടിയാണെന്നും ഒരേ സ്ഥലത്ത് ആനയെ തളച്ചിട്ടിരിക്കുന്നു എന്നുമാണ് പരാതി. പശുവിനെ വളര്‍ത്തുന്ന മട്ടിലാണ് ആനകളുടെ തീറ്റയെന്നും ആക്ഷേപമുണ്ട്. നിലവിലെ സാഹചര്യത്തിൽ ആനകൾക്ക് കൂടുതൽ സ്ഥലസൗകര്യവും മതിയായ പരിചരണവും ആവശ്യമുണ്ട്. അതിനാൽതന്നെ ആനകളെ കൂടുതല്‍ സ്ഥലമുള്ള കുമ്മണ്ണൂരിലെ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യം അധികൃത പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.





























