കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. പോക്‌സോ കേസ് പ്രതികളെ രക്ഷിക്കാന്‍ പോലീസുമായി ജോര്‍ജ്ജ് എം തോമസ് ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ജോര്‍ജ് എം തോമസിനെ ഒരു വര്‍ഷത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപുറകേയാണ് പോക്‌സോ കേസ് ആരോപണമുയരുന്നത്. തിരുവമ്പാടി എംഎല്‍എ ആയിരുന്ന സമയത്ത് കൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉള്‍പ്പെട്ട പോക്‌സോ കേസ് ജോര്‍ജ് എം തോമസ് അട്ടിമറിച്ചെന്നാണ് ആരോപണം.
വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത് സിപിഎം കുടുംബാംഗമായ പെണ്‍കുട്ടി. വ്യവയായിയുള്‍പ്പെടെയുളള പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പോലീസുമായി ജോര്‍ജ്ജ് എം തോമസ് ഒത്തുകളിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്നുമുളള ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്