വിശാഖപട്ടണം: ആന്ധ്രാ പ്രദേശിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ചന്ദ്രബാബു നായിഡു സർക്കാർ. മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് 30,000 രൂപയും നാലാമത്തെ കുട്ടിയുടെ ജനനത്തിന് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയിൽ ഉണ്ടായ ഇടിവിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, മക്കൾ നമ്മുടെ സമ്പാദ്യമാണെന്നും ഇതാണ് തനിക്ക് എല്ലാ കുടുംബങ്ങൾക്കും നൽകാനുള്ള സന്ദേശമെന്നും വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് സംസ്ഥാന സർക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ നയത്തിൻ്റെ കരടുരേഖ ചന്ദ്രബാബു നായിഡു നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത കുടുംബസൂത്രണത്തിൽനിന്ന് ജനസംഖ്യാ സംരക്ഷണത്തിലേക്ക് ശ്രദ്ധ മാറ്റാനായിരുന്നു സർക്കാരിൻ്റെ തീരുമാനം.
സംസ്ഥാനത്ത് ജനനനിരക്കിൽ ഉണ്ടാകുന്ന കുറവും ഭാവിയിലുണ്ടായേക്കാവുന്ന ജനസംഖ്യാപരമായ വെല്ലുവിളികളും കണക്കിലെടുത്തായിരുന്നു നീക്കം. ഇതിൻ്റെ ഭാഗമായി രണ്ടോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങൾക്ക് പ്രസവസമയം 25,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മൂന്നാമത്തെ കുട്ടിക്ക് അഞ്ച് വയസ്സാകും വരെ പോഷക പിന്തുണയ്ക്കായി പ്രതിമാസം 1000 രൂപ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. മൂന്നാമത്തെ കുട്ടിക്ക് പ്രസവത്തോടനുബന്ധിച്ച് അമ്മയ്ക്ക് 12 മാസത്തെ അവധിയും അച്ഛന് രണ്ടു മാസത്തെ അവധിയും നൽകാനും സർക്കാർ ആലോചിച്ചിരുന്നു.






























