പള്ളിക്കൽ : പന്നി, പരുന്ത്, തെരുവുനായ എന്നിവയെല്ലാം കുറേനാളായി പള്ളിക്കൽ നിവാസികളുടെ സ്വൈര്യംകെടുത്തിവരികയാണ്. ഇപ്പോൾ ഇതാ കുരങ്ങുശല്യവും. പള്ളിക്കൽ മേടയിൽ ജങ്ഷനു സമീപമാണ് കുരങ്ങിന്റെ ശല്യമുള്ളത്. പല വീടുകളിലും മുറിക്കുള്ളിൽവരെ കുരങ്ങ് കയറുന്നത് പതിവായി. പുറത്തിട്ടിരിക്കുന്ന തുണികൾ കുരങ്ങുകൾ എടുത്തുകൊണ്ടുപോകുന്നത് പതിവാണ്. കുരങ്ങിനെ കൂടാതെ പന്നിശല്യവും തെരുവുനായ്‌ക്കളുടെ ശല്യവും പള്ളിക്കലിൽ രൂക്ഷമാണ്. കള്ളപ്പൻചിറ ഭാഗത്ത് തെരുവുനായശല്യം കൂടുതലാണ്. സ്കൂൾ പരിസരത്താണ് നായ്‌ക്കൾ കൂടുതൽ തമ്പടിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് പെരിങ്ങനാട് ചാലഭാഗത്ത് പരുന്തിന്റെ ശല്യം അതിരൂക്ഷമായിരുന്നു. ആളുകളെ ഉപദ്രവിക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. പിന്നീട് വനംവകുപ്പ് അധികൃതർ വന്ന് പരുന്തിനെ പിടികൂടികൊണ്ടുപോയെങ്കിലും തുടർന്നും പരുന്തിന്റെ ശല്യം ഉണ്ടായതായി നാട്ടുകാർ വ്യക്തമാക്കുന്നു.





























