ന്യൂഡല്‍ഹി : ‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയില്‍ നിന്നും ലഭിച്ച പണം കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിനിമയെ കുറിച്ചുള്ള കെജ്രിവാളിന്റെ പ്രസ്താവനയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രി വീണ്ടും കശ്മീര്‍ ഫയല്‍സ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യണമെന്ന ആവശ്യം കെജ്രിവാള്‍ വീണ്ടും ആവര്‍ത്തിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒരു കശ്മീരി പണ്ഡിറ്റ് കുടുംബത്തെ പോലും താഴ്വരയിലേക്ക് തിരിച്ചെത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. നേരത്തെ കശ്മീര്‍ ഫയല്‍സിന് നികുതിയിളവ് നല്‍കണമെന്ന ബി.ജെ.പിയുടെ ആവശ്യം കെജ്രിവാള്‍ നിരാകരിച്ചിരുന്നു. നികുതിയിളവിന് പകരം സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്യുകയാണെങ്കില്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു.





























