ചെന്നൈ : രണ്ടുവിവാഹം കഴിച്ചയാൾ മരിച്ചപ്പോൾ രണ്ട് മതാചാരപ്രകാരം സംസ്കാരച്ചടങ്ങുകൾ. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ-55) സംസ്കാരമാണ് ഹൈന്ദവ, ഇസ്‌ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. ഇയാളുടെ ആദ്യഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ആചാരപ്രകാരവും ചടങ്ങ് നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിടുകയായിരുന്നു.
സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്മണ്യൻ 2019-ൽ ആദ്യഭാര്യ ശാന്തിയിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാൽ, ശാന്തിയുടെ അപ്പീലിനെത്തുടർന്ന് കോടതി വിവാഹമോചനം റദ്ദാക്കി. ഇതിനിടെ ഫാത്തിമയെ വിവാഹംചെയ്ത ബാലസുബ്രഹ്മണ്യൻ മതംമാറി അൻവർ ഹുസൈനായി. ഫെബ്രുവരി 17-നാണ് ഇദ്ദേഹം മരിച്ചത്. നിയമപ്രകാരം താനാണ് ഭാര്യയെന്ന് ചൂണ്ടിക്കാട്ടി ശാന്തി പോലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാദം ഉന്നയിച്ചതിനാൽ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.