പാലക്കാട്: ലോക്ഡൗണ്‍ പ്രതിസന്ധി ഘട്ടത്തില്‍ വിലയും വിപണിയുമില്ലാതെ പാലക്കാട്ടെ പച്ചക്കറി കര്‍ഷകര്‍. എരുത്തേമ്പതിയില്‍ വിളവെടുത്തുകൊണ്ടിരുന്ന മൂന്നേക്കര്‍ വഴുതനക്കൃഷി കര്‍ഷകന് നശിപ്പിക്കേണ്ടിവന്നു. മൊത്തക്കച്ചവടക്കാര്‍ വരാത്തതും സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയില്ലാത്തതും പ്രതിസന്ധിയായി.
നാന്നായി വിളഞ്ഞുകിടക്കുന്ന വഴുതനപ്പാടത്തിലൂടെ ഉഴവുയന്ത്രമുരുണ്ടപ്പോള്‍ മണ്ണിനടിയിലായത് ഏറെ നാളത്തെ അധ്വാനം. പച്ചക്കറിക്കര്‍ഷകരുടെ മണ്ണായ എരുത്തേമ്പതി ആര്‍വിപി പുതൂരിലെ ഒരു കൃഷിയിടമാണിത്. അഞ്ചേക്കറിലധികം സ്ഥലത്തെ ഹൈബ്രിഡ് വഴുതന. ഇതില്‍ മൂന്നേക്കറും ഇതിനോടകം ഉഴുതുമറിച്ചു . മൊത്തക്കച്ചവടക്കാര്‍ ആരും വരുന്നില്ല. വിലയില്ല. പൊതുവിപണിയില്‍ കിലോയ്ക്ക് 35 രൂപവരെ വിലയുളളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നതാകട്ടെ ഒരു കിലോയ്ക്ക് രണ്ടുരൂപ മാത്രം. വഴുതന പഴുത്തു തുടങ്ങിയാല്‍ പിടിച്ചുനില്‍ക്കാനാവില്ല. ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതാണെന്നും അനുകൂലമായൊരു പ്രതികരണം ഉണ്ടായില്ലെന്നും പരാതിയുണ്ട്.