തിരുവനന്തപുരം: കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം മാറനല്ലൂരില്‍ പട്ടാപ്പകല്‍ വയോധികയുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്ന കേസില്‍ അരുമാളൂര്‍ സ്വദേശി പാണ്ടി സക്കീര്‍ എന്ന ഷിബു (44) ആണ് പിടിയിലായത്. സംഭവം നടന്ന് 6 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2022 നവംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അരുമാളൂര്‍ സ്വദേശിയായ അരുന്ധതിയുടെ 2 പവന്റെ മാലയാണ് ഇയാള്‍ കവര്‍ന്നത്.
പ്രതി കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാലകവരുകയായിരുന്നു. സംഭവത്തിന് ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി മൊബൈല്‍ ഉപേക്ഷിച്ചാണ് നാട് വിട്ടത്. തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയെങ്കിലും മാറനല്ലൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കേരളത്തിലും തമിഴ്‌നാട്ടിലും ഊര്‍ജ്ജിതമാക്കിയിരുന്നു. മോഷണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധിക ഒരാഴ്ചയോളം മെഡിക്കല്‍കോളേജില്‍ നടത്തിയ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.