റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ സൗന്ദര്യവൽക്കരണം ലക്ഷ്യമിട്ട് റോഡിനിരുവശത്തേയും കാടുകൾ തെളിച്ച് ചെടികൾ പരിപാലിക്കുന്ന പരിപാടികൾക്ക് തുടക്കമായി. മൂന്ന് ദിവസങ്ങള്‍ കൊണ്ട് കാടുകള്‍ തെളിച്ച് വൃത്തിയാക്കി പുതിയ ചെടികള്‍ നടും. മൂന്ന് വർഷം മുമ്പ് മാലിന്യം നിറഞ്ഞിരുന്ന ഈ പ്രദേശത്തെ 52 ടൺ ജൈവ അജൈവ മാലിന്യങ്ങൾ ജനപങ്കാളിത്തത്തോടെ ശേഖരിച്ച് സംസ്കരിച്ചിരുന്നു. ഇതിന് ശേഷം പാതയോരത്തെ കാടുകൾ നീക്കം ചെയ്ത് ചെടികൾ വച്ചുപിടിപ്പിച്ച് പാതയോരം സംരക്ഷിച്ചിരുന്നു. വീണ്ടും ഇവിടെ മാലിന്യങ്ങള്‍ തള്ളാതെയിരിക്കാന്‍ ക്യാമറകൾ സ്ഥാപിച്ച് ജനകീയമായ പരിപാലനവും വനംവകുപ്പ് എരുമേലി റേഞ്ച് ഓഫീസ്, പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫീസ് എന്നിവയുടെ സഹകരണത്തിൽ മോനിട്ടറിങ്ങും നടത്തുന്നുണ്ട്.
റാന്നി സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്, എരുമേലി എം.ഇ.എസ് കോളേജ്, വെച്ചൂച്ചിറ ഗവ.പോളിടെക്നിക്ക്, കുന്നം മര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ.ഐ.റ്റി.ഐ, കനകപ്പലം, വെൺകുറിഞ്ഞി എന്നീ വിദ്യാലയങ്ങളും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റി, നാഷണൽ ജനതാദൾ റാന്നി നിയോജക മണ്ഡലം കമ്മറ്റി, വെച്ചൂച്ചിറ വി.എഫ്.എ.എസ്, കനകപ്പലം മാർത്തോമ്മാ ചർച്ച്, കോളനി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, യുവജന സഖ്യം, എരുമേലി ഗ്രാമപഞ്ചായത്ത്, വിവിധ അയൽക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കെ.സി.സി വെച്ചൂച്ചിറ മേഖലാ പ്രസിഡന്റ് റവ.സി.കെ കൊച്ചുമോൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ സാജു, സെക്രട്ടറി ജോൺ സാമുവേൽ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറന്മാരായ എം.സുരേഷ്, നെജിമോൻ പി.എ., ട്രഷറർ ജോൺ വി തോമസ്, സജി കരിമ്പിൻ തോട്, ദാമോദരൻ, നീതുമോൾ, സോളമൻ വെള്ളാംകുഴിയിൽ എന്നിവര്‍ നേതൃത്വം നല്‍കി.































