കോഴിക്കോട് : തിരുവമ്പാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് ധാരണ. സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. കുറ്റ്യാടിയില്‍ സിപിഎം തന്നെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ഇന്നുചേരുന്ന ജില്ലാ കമ്മിറ്റിയിലാണ്.
തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍, ലിന്റോ ജോസഫ് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായ ലിന്റോ ജോസഫിനാണ് കൂടുതല്‍ പരിഗണന. സ്ഥാനാര്‍ഥി പേരുകള്‍ വന്ന സാഹചര്യത്തില്‍ സീറ്റുകളില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ കുറ്റ്യാടി മണ്ഡലം സംബന്ധിച്ച് പ്രാദേശിക നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ട്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിപിഎം ശക്തികേന്ദ്രത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് നല്‍കാനുളള തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രാദേശികനേതൃത്വം മേല്‍ക്കമ്മിറ്റികളെ നേരത്തേ അറിയിച്ചിരുന്നതാണ്.