വെഞ്ഞാറമൂട്: വഴിയരികിലെ താരമായിരുന്ന തണ്ണിമത്തനും റംബൂട്ടാനും ഡ്രാഗന്‍ ഫ്രൂട്ടുമെല്ലാം ഇപ്പോള്‍ ഔട്ടായി. പകരം നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ നിറ സാനിദ്ധ്യമായിരുന്ന ഞാവല്‍ പഴമാണ് ഇപ്പോള്‍ താരം. ആദ്യകാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറും… കണ്ടാല്‍ വാങ്ങാതെ പോകാന്‍ തോന്നില്ല. പണ്ട് നാട്ടില്‍ സമൃദ്ധമായി കണ്ടിരുന്ന പഴവര്‍ഗമായിരുന്നെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നില്ല. തമിഴ്‌നാട്, അന്ധ്രാ ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഞാവല്‍പ്പഴം വില്പനയ്ക്കായി ജില്ലയില്‍ എത്തുന്നത്. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ സമയമാണ് ഇപ്പോള്‍. മഴപെയ്തതോടെ പൊഴിഞ്ഞുവീണ് മരച്ചുവട്ടില്‍ കിടന്നുതന്നെ കേടായിപോകാനാണ് നാട്ടിലെ ഞാവല്‍പ്പഴത്തിന്റെ വിധി.നിപ്പാ രോഗത്തിന്റെ വരവോടെ വാവലുകള്‍ ഭക്ഷിക്കുന്നവയാണെന്ന് പേടിച്ച് പഴുത്ത് താഴെ വീഴുന്ന ഞാവലുകള്‍ ആരും എടുക്കാറില്ല.
നാട്ടിലുണ്ടാകുന്ന ഞാവല്‍പ്പഴത്തേക്കാള്‍ വലിപ്പവും നിറവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഞാവല്‍പ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ കാണാന്‍ ഭംഗിയുള്ള ഇവ ചോദിക്കുന്ന വിലകൊടുത്ത് ആവശ്യക്കാര്‍ വാങ്ങുകയാണ്. അന്നജവും ജീവകവും പ്രോട്ടീനും, കാത്സ്യവുമെല്ലാം അടങ്ങിയിരിക്കുന്ന ഞാവല്‍ ഔഷധഗുണം ഏറെയുള്ള പഴവര്‍ഗമാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഞാവലിന്റെ ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. അതിനാല്‍ ആയുര്‍വേദ വൈദ്യന്മാര്‍ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.