തിരുവനന്തപുരം : എടിഎമ്മില്‍ നിന്ന് പണം തട്ടിപ്പു പതിവാക്കിയ ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍. ദേവേന്ദ്ര സിങ് (24), കാണ്‍പൂര്‍ നഗര്‍ കല്യാണ്‍പൂര്‍ പങ്കി റോഡ് 49 സിയില്‍ വികാസ് സിംങ് (21) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി സ്‌പെഷല്‍ സ്‌ക്വാഡുകള്‍ ചേര്‍ന്നാണു കഴിഞ്ഞദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നു ട്രെയിനില്‍ കൊല്ലത്ത് ഇറങ്ങിയ സംഘം ഈസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എടിഎമ്മില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് പിടിയിലായത്. എടിഎം മെഷീനുകളില്‍ കൃത്രിമം നടത്തി പണം തട്ടിയിരുന്ന സംഘത്തെ കുറിച്ച് മറ്റിടങ്ങളില്‍ നിന്നും കേരള പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ആന്ധ്രയിലെ വിജയവാഡയിലാണെന്നു കണ്ടെത്തി. ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇവര്‍ കേരളത്തിലേക്ക് കടന്നതായി സംസ്ഥാന പോലീസിന് വിവരം ലഭിച്ചു. സ്‌പെഷല്‍ ടീം അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തേക്ക് വരുന്ന ട്രെയിനുകള്‍ പരിശോധിച്ചു. പരിശോധനയില്‍ രണ്ടംഗ സംഘത്തെ കണ്ടെത്തിയ പോലീസ് സംഘം രഹസ്യമായി പിന്‍തുടര്‍ന്നു. കൊല്ലത്ത് ഇറങ്ങി എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തെളിവുകളോടെ പിടികൂടി. തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ വിവിധ ജില്ലകളിലെ എടിഎമ്മുകളില്‍ ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു.
പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ പരിസരത്തുള്ള എടിഎമ്മുകളിലാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. എടിഎം മെഷീനുകളുടെ പ്രവര്‍ത്തനം പ്രത്യേക രീതിയില്‍ അല്‍പ നേരത്തേക്കു തകരാറിലാക്കിയാണു പണം കവരുന്നത്.