തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാരായ എം.വി ഗോവിന്ദന്, കെ.എന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ്, ജി.ആര് അനില്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. മന്ത്രി കെ.രാധാകൃഷ്ണന് കഴിഞ്ഞ 27 ന് അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഉന്നതതല യോഗം. അട്ടപ്പാടിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
അട്ടപ്പാടിയില്‍ വ്യാജമദ്യം ഒഴുകുന്നെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. അംഗന്‍വാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നാലുദിവസത്തിനിടെ അട്ടപ്പാടിയില്‍ അഞ്ച് ശിശുമരണം നടന്നതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. അട്ടപ്പാടിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ വേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അവയുടെ ഏകോപനവും നിരീക്ഷണവുമില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണം. മൂന്നുമാസക്കാലയളവില്‍ വകുപ്പുകളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം.
കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുകയാണ്. ലഹരിമരുന്നടങ്ങിയ സ്റ്റിക്കര്‍ നാവിനടിയില്‍ വെച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്. മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരും ഇവിടുണ്ട്. അതിനാല്‍ ഇവിടെ ബോധവത്കരണവും ഫലപ്രദമായ ഇടപെടലും ആവശ്യമാണ്. ആശുപത്രികളില്‍ ആധുനിക സൗകര്യം അടിയന്തരമായി ഏര്‍പ്പെടുത്തണം. ചികിത്സക്കായി എത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതി മാറണം. അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാരെ കണ്ടെത്തണം. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് മാസവരുമാനം ലഭിക്കുന്ന തൊഴില്‍ തദ്ദേശവാസികള്‍ക്ക് ഉറപ്പുവരുത്തണമെന്നും മന്ത്രി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് വിവരം.