ടാക്കോമ പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയുള്ള ടാക്കോസില്ല എന്ന കസ്റ്റം ക്യാമ്പർ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. S E M A ഓട്ടോ ഷോ 2021-ൽ ആണ് വാഹനത്തിന്‍റെ അവതരണം എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഗംഭീര അഡ്വഞ്ചറുകൾക്കായി നീങ്ങുന്ന ഒരു മിനി ഹോമിനെ അനുസ്‍മരിപ്പിക്കുന്ന ഈ വാഹനം 1970 കളിലെയും 80കളിലെയും ടൊയോട്ട ക്യാമ്പർ മോഡലുകളുടെ ഓര്‍മ്മ പുതുക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഥാർത്ഥ പിക്കപ്പ് ട്രക്ക് പരിവർത്തനം ചെയ്‍താണ് ടൊയോട്ട ഈ മോട്ടോർ ഹോം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അതോടൊപ്പം യഥാർത്ഥ ടാക്കോമയുടെ 4 x 4 കഴിവുകൾ കമ്പനി നിലനിർത്തി. ടൊയോട്ട ടാക്കോമ T R D സ്‌പോർട് ടാക്കോസില്ല RV-ക്ക് ടീക്ക് സോന-ശൈലിയിലുള്ള ഫ്ലോറുകൾ ഉൾപ്പടെ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്‍ത ഇന്റീരിയറാണ് ലഭിക്കുന്നത്. ടാക്കോസില്ലയുടെ ഉള്ളില്‍ യാത്രക്കാർക്ക് പരമാവധി സൗകര്യം പ്രദാനം ചെയ്യുന്നതിനായി ഒരു ആധുനിക ലിവിംഗ്, ഡൈനിംഗ് സ്പെയിസ് തുടങ്ങിയവയുണ്ട്. ഹൈ ട്രാഫിക്ക് ഫ്ലോറും വായു സഞ്ചാരത്തിനായി നല്ല വലിപ്പമുള്ള സ്കൈലൈറ്റും ഘടിപ്പിച്ചതോടെ ക്യാബിനിലെ ഇടം പരമാവധി വർധിച്ചിരിക്കുന്നു.
ഷവർ ഉള്ള ഒരു കുളിമുറി, ഒരു സ്റ്റൗ, റഫ്രിജറേറ്റർ, ഡിഷ്വാഷർ എന്നിവയുള്ള അത്യാധുനി അടുക്കളയും, ഒരു ഡൈനിംഗ് റൂം, രണ്ട് സോഫകൾ, ഒരു കിടക്ക എന്നിവയും വാഹനത്തിലുണ്ട്. 1.83 മീറ്റർ ഉയരമുള്ള സൗകര്യപ്രദമായ സ്ഥലത്ത്, 3 D സാങ്കേതികവിദ്യയിൽ അച്ചടിച്ച ഒരു ഡൈനിംഗ് റൂം, ക്യാബിന് മുകളിൽ അവശേഷിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു കിടക്ക, രണ്ട് സോഫകൾ എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു.
51 m m ലിഫ്റ്റ് കിറ്റ്, ഒരു വിഞ്ച്, പ്രത്യേക ഓഫ്-റോഡ് ടയറുകളുള്ള 17 ഇഞ്ച് വീലുകൾ എന്നിവയും ഈ ക്യാമ്പറിൽ ലഭ്യമാണ്. ഇതിന് ഒരു സ്‌നോർക്കൽ, ഒരു പ്രത്യേക T R D എക്‌സ്‌ഹോസ്റ്റ് എന്നിവയും ലഭിക്കുന്നു. 3.5 ലിറ്റർ V 6 എഞ്ചിൻ യൂണിറ്റാണ് വാഹനത്തിന്റെ ഹൃദയം. എഞ്ചിന് 6,000 rpmൽ പരമാവധി 278 b h p പവർ ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്‍പീഡ് ഗിയര്‍ ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ശരിയായി എൻജിനീയറിംഗ് ചെയ്‌തതും എന്നാൽ ശരിക്കും കൂളായി തോന്നുന്നതുമായ ഒരു വാഹനം നിർമ്മിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്ന് വാഹനത്തെക്കുറിച്ച് ടൊയോട്ട മോട്ടോർസ്‌പോർട്‌സ് ഗാരേജിലെ ഡിസൈനറായ മാർട്ടി ഷ്‌വെർട്ടർ പറഞ്ഞു.
ഔട്ട്‌ഡോർ വിനോദവും ഡ്രൈവും ഇഷ്‍ടപ്പെടുന്ന തങ്ങളുടെ നിരവധി ഉടമകൾക്ക് ബ്രാൻഡ് വാഗ്‍ദാനം ചെയ്യുന്ന ആഡംബരത്തിന്‍റെ മികച്ച പ്രതീകമാണ് ടാക്കോസില്ല എന്ന് ടൊയോട്ട ഡിവിഷൻ മാർക്കറ്റിംഗിലെ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലിസ മറ്റെരാസോ പറഞ്ഞു. S E M A ഓട്ടോ ഷോയിലോ വാഹനത്തിന്‍റെ ഓഫ് റോഡ് ട്രയിലിലോ പങ്കെടുക്കുന്ന ഒരാള്‍ക്ക് ഈ വാഹനം സ്വന്തമാക്കാതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.