കൊച്ചി : കൊച്ചി വടുതലയിൽ ഓട്ടോറിക്ഷാ ഡ്രൈവർ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിൻ ദാസ്( 35) ആണ് മരിച്ചത്. ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ റിജിൻദാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊള്ളലേറ്റ മറ്റൊരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇയാൾ ആലപ്പുഴ എഴുപുന്ന സ്വദേശിയാണ്.
വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് രണ്ടുപേരുടെയും ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തത്. കൊച്ചി പച്ചാളത്തെ ഷൺമുഖം റോഡിൽ വച്ചാണ് സംഭവം. ഷൺമുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷന്റെയും കടയിലുണ്ടായിരുന്ന റിജിന്റെയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോൾ ഒഴിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.