കൊച്ചി : യുവ നടിയുടെ പീഡന പരാതിയിൽ ആരോപണവിധേയനായ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാകണം. പരാതിക്കാരിയുമായി സംസാരിക്കാൻ പാടില്ല. സമൂഹ മാധ്യമങ്ങളിൽ ഒരു തരത്തിലുള്ള പ്രതികരണം നടത്തരുത്. മാധ്യമങ്ങളോട് സംസാരിക്കരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി അറിയിച്ചു. കേസ് ജൂൺ 7, ചൊവാഴ്ച്ച പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും.
വിജയ് ബാബു ചോദ്യം ചെയ്യലിന് ഇന്ന് രാവിലെയാണ് ഹാജരായത്. തേവര പോലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ 9 മണിയോടെയാണ് വിജയ് ബാബു പോലീസ് സ്റ്റേഷനിൽ എത്തിയത്. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഒന്‍പതര മണിക്കൂറാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പോലീസിന് മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നലെ കാരണം. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.