കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നുമുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു.
അപകടം സംബന്ധിച്ച അന്വേഷണം ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയില്‍ സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ സിബിഐക്ക് അന്വേഷണം കൈമാറുന്ന ഘട്ടത്തില്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. സിബിഐക്ക് നല്‍കാന്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് ഇപ്പോള്‍ സിബിഐ പരിശോധിച്ചുവരികയാണ്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി ഉന്നയിച്ച സംശയങ്ങളെല്ലാം അന്വേഷിച്ചതായും ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണന് അമിതവേഗം കാരണം നിയന്ത്രണം വിട്ടതാണ് അപകട കാരണം. 2018 ആഗസ്റ്റ് മാസം 25 ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ബാലഭാസ്കര്‍ തൃശൂരില്‍ നിന്നും പുറപ്പെട്ടത്. മൂന്നര മണിക്കൂറിനകം തന്നെ 260 കിലോമീറ്റര്‍ ദൂരം മറികടന്നതു തന്നെ ഡ്രൈവറുടെ അമിത വേഗത വ്യക്തമാക്കുന്നു. ചാലക്കുടിയിലെ ക്യാമറയില്‍ കാറിന്റെ വേഗത 95 കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമിത വേഗത മൂലം കാര്‍ മരത്തിലിടിച്ച് തകരുകയായിരുന്നു ക്രൈംബ്രാഞ്ച് പറയുന്നു.
തൃശൂരിലെ ക്ഷേത്രത്തില്‍ മകളുടെ പേരില്‍ പൂജ നടത്തിയ ശേഷം അന്നു രാത്രി തന്നെ ബാലഭാസ്കര്‍ മടങ്ങിയതിനു പിന്നില്‍ ദുരൂഹതയില്ല. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തു തന്നെ രാത്രിയില്‍ താന്‍ മടങ്ങുമെന്നും പകല്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ റൂം പ്രത്യേക നിരക്കില്‍ നല്‍കണമെന്നും ബാലഭാസ്കര്‍ ഹോട്ടല്‍ ഗരുഡയിലെ മാനേജറോട് അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ച് കുറഞ്ഞ നിരക്കിലാണ് അദ്ദേഹത്തിന് റൂം നല്‍കിയതെന്ന് ഹോട്ടല്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ ആരോപണം ശരിയല്ല. സോബി കണ്ടെന്ന് പറയുന്നത് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കിനടത്തുന്ന വിഷ്ണു സോമസുന്ദരം, കുടുംബസുഹൃത്ത് ലതയുടെ മകന്‍ ജിഷ്ണു എന്നിവരെ അപകടം നടന്നയുടനെ സംഭവസ്ഥലത്ത് കണ്ടെന്നാണ്. എന്നാല്‍ വിഷ്ണു സോമസുന്ദരം ആ സമയത്ത് വിദേശത്താണെന്ന് പാസ്പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു. ജിഷ്ണു സംഭവം നടക്കുമ്പോള്‍ അപകടസ്ഥലത്തു നിന്ന് 22 കിലോമീറ്റര്‍ അകലെ ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശ് തമ്പിയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടിലായിരുന്നെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.
കുടുംബസുഹൃത്ത് ലത, ഡോ. രവീന്ദ്രനാഥ് എന്നിവരുമായുള്ള സാമ്പത്തിക ഇപാടില്‍ സംശയമുണ്ടെന്ന ആരോപണം ശരിയല്ല. ഇവര്‍ക്ക് ബാലഭാസ്കര്‍ നല്‍കിയ പത്തു ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തിനായി സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ നല്‍കിയ വിവരമനുസരിച്ച് ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണന്‍ തൃശൂരില്‍ മൂന്നു കേസിലും പാലക്കാട് ഒരു കേസിലും പ്രതിയാണ്. ഇയാളെ നല്ല വഴിക്ക് നയിക്കാനാണ് ബാലഭാസ്കര്‍ കൂടെ കൂട്ടിയത്. പ്രകാശ് തമ്പിയുടെ പേരില്‍ തിരുവനന്തപുരത്ത് മൂന്ന് കേസുകളുണ്ട്.