തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തിൽ നുണപരിശോധനയ്ക്ക് സിബിഐ ഇന്ന് അപേക്ഷ നൽകും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അർജുൻ, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നൽകുന്നത്.
ബാലഭാസ്‌കർ അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുൻപ് ഒരു സംഘം ആളുകൾ കാർ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
ബാലഭാസ്‌കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശ് തമ്പിക്കെതിരെയായിരുന്നു.
ബാലഭാസ്‌കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും സിബിഐ അന്വേഷണ സംഘം പരിശോധിക്കും.