തൃശൂര്‍: ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും പണയപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തൃശൂര്‍ കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ബി.ഐയുടെ തൃശൂര്‍ കാറളം ശാഖയിലെ ഉദ്യോഗസ്ഥന്‍ സുനില്‍ ജോസ് അവറാന് എതിരെയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
ബാങ്കിന്‍റെ ഓഡിറ്റിലാണ് ഇതു വ്യക്തമായത്. ഉദ്യോഗസ്ഥനേയും മാനേജരേയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ബാങ്കിന്‍റെ ഇന്റലിജന്‍സ് വിഭാഗം പ്രത്യേക അന്വേഷണം തുടങ്ങുകയും ചെയ്തു. എഴുപത്തിയാറു പായ്ക്കറ്റ് സ്വര്‍ണ പണയ ഉരുപ്പടികള്‍ ഇയാള്‍ വീണ്ടും പണയപ്പെടുത്ത രണ്ടു കോടി എഴുപത്തിയാറു ലക്ഷം രൂപ തിരിമറി നടത്തിയതായാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ബാങ്കില്‍ പണയപ്പെടുത്തി ഉരുപ്പടികള്‍ സുരക്ഷിതമാണെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്‍റെ അന്വേഷണം തുടരുകയാണ്.