കൊച്ചി: കുട്ടനാടിന്റെ ഈണം വരികളില്‍ ഒളിപ്പിച്ച ബീയാര്‍ പ്രസാദ് ഇനി ഓര്‍മ്മയിലെ ഓളങ്ങള്‍. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയന്‍. ആലപ്പുഴ മങ്കൊമ്പ് സ്വദേശി. എഴുതിയ പാട്ടുകളിലൊതുങ്ങുന്നതല്ല ബീയാര്‍ പ്രസാദ് എന്ന കലാകാരന്റെ ജീവചരിത്രം. നാടകം വഴിവെട്ടിയ കലാജീവിതത്തില്‍ നടനായും തിരക്കഥാകൃത്തായും പ്രഭാഷകനായും പാട്ടുപോലെ ഒഴുകിയ കുട്ടനാട്ടുകാരന്‍. സ്വപ്നമായി താലോലിച്ച സിനിമ യാഥാര്‍ഥ്യമാക്കാനാകാതെയാണ് ബീയാര്‍ പ്രസാദ് എന്ന പ്രതിഭ പാതിവഴിയില്‍ മടങ്ങുന്നത്. 62 വയസായിരുന്നു. പാട്ടെഴുത്തിലൂടെയാണ് ബീയാര്‍ പ്രസാദിന്റെ പേര് മധ്യകേരളത്തിന് പുറത്തേക്ക് ഒഴുകിയത്. വാദ്യകലാകാരന്‍മാരുടെ കുടുംബത്തിലായിരുന്നു ജനനം.
കൊട്ടിന്റെ ബാലപാഠങ്ങള്‍ പഠിച്ചെങ്കിലും മുന്നോട്ടുപോയില്ല. പാടാന്‍ കഴിവില്ലെന്ന തോന്നല്‍ സംഗീതത്തെകുറിച്ച് ആഴത്തില്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. രാഗങ്ങളെല്ലാം മനഃപാഠമാക്കി. കുട്ടനാട്ടില്‍ വെള്ളം കയറുമ്പോള്‍ പെട്ടികളിലാക്കി തലയില്‍ചുമന്ന് സൂക്ഷിച്ച പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ് പ്രസാദിന്റെ ജീവിതം വഴിതിരിച്ചുവിട്ടത്. ഇരുപത്തൊന്നാംവയസ്സില്‍ ആട്ടക്കഥയെഴുതി അവതരിപ്പിച്ച് കലാകാരന്‍ വരവറിയിച്ചു. വൃത്തം, നിണമാര്‍ന്ന പഞ്ചാബ് തുടങ്ങിയ ഏകാങ്കനാടകങ്ങളിലൂടെ പ്രസാദ് നാടകലോകത്ത് സഞ്ചരിച്ചു.
പുരാണങ്ങളിലും പ്രാചീകൃതികളിലുമായിരുന്നു കൂടുതല്‍ ശ്രദ്ധ. കൃഷ്ണനെ പുതിയ കാലത്തെ സാധാരണമനുഷ്യനായി അവതരിപ്പിച്ച കൃഷ്ണഹൃദയത്തിലൂടെ സംഗീതനാടക അക്കാദമി അവാര്‍ഡ് സ്വന്തമാക്കി. സംവിധായകന്‍ ശിവനുമായുള്ള അടുപ്പം ജോണി എന്ന സിനിമയുടെ തിരക്കഥാകൃത്താക്കി. പി.എന്‍.മേനോന്റെ നേര്‍ക്കുനേരെ എന്ന സിനിമയുടെ കഥ പ്രസാദിന്റേതായിരുന്നു. ഭരതന്റെ ഒപ്പമുള്ള യാത്ര ചമയം എന്ന സിനിമയുടെ സഹസംവിധായകനാക്കി. അപ്പോഴും പാട്ടെഴുത്തുവേഷം സ്വപ്നത്തില്‍പോലുമുണ്ടായിരുന്നില്ല. പ്രിയദര്‍ശനോട് കഥ പറയാന്‍ പോയ നേരത്തെ പാട്ടുചര്‍ച്ചകളാണ് ബീയാര്‍ പ്രസാദിനെ ഗാനരചയിതാവാക്കുന്നത്.
കുട്ടനാടും പുസ്തകങ്ങളും നിറച്ച അറിവ് വാക്കുകള്‍ക്കും ഭാവനയ്ക്കും പഞ്ഞമുണ്ടാക്കിയില്ല. സ്വന്തം നാടിനെകുറിച്ച് ബീയാറെഴുതിയ ഗാനം മലയാള നാടിന്റെ ദേശീയഗാനമായി മലയാളി ഇന്നും ഏറ്റുപാടുന്നു. പഠിച്ചും പഠിച്ചത് വേദികളില്‍ പറഞ്ഞും മുന്നേറിയ ജീവിതത്തിനിടയില്‍ പത്തുവര്‍ഷത്തോളം അധ്യാപകനുമായി. ദേവസ്വം ബോര്‍ഡിലെ ജോലി അധികകാലം തുടര്‍ന്നില്ല. തീര്‍ത്ഥാടനത്തില്‍ ശ്രദ്ധേയവേഷത്തിലെത്തിയത് ബീയാര്‍ പ്രസാദായിരുന്നു. പ്രസാദിലെ പാട്ടെഴുത്തുകാരനെ കണ്ടെത്തുന്നതില്‍ ലാല്‍ജോസിന് വലിയ പങ്കുണ്ട്.
ഓണക്കാലത്ത് പിറന്ന ആല്‍ബത്തിനുവേണ്ടി അദ്ദേഹത്തെകൊണ്ട് പാട്ടെഴുതിച്ചത് ലാല്‍ജോസായിരുന്നു. പക്ഷേ അത് സിനിമയിലേക്കെത്തിയില്ല. നാടകമായി കളിച്ച ഷഡ്കാല ഗോവിന്ദമാരാര്‍ സിനിമയാക്കുക ബീയാര്‍ പ്രസാദിന്റെ വലിയ സ്വപ്നമായിരുന്നു. മോഹന്‍ലാലിനോട് കഥ പറയുകയും ഇഷ്ടപ്പെടുകയും ചെയ്‌തെങ്കിലും നീണ്ടുപോയി. പുതിയ കാലത്തെ പല സംവിധായകരും അഭിനേതാക്കളും അത് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചുരുങ്ങിയ കാലം കൊണ്ടാണ് പാട്ടിന്റെ പാലാഴി തീര്‍ത്തത്. പെരിയാറിനെക്കുറിച്ച് വയലാറും നിളയെക്കുറിച്ച് ഒഎന്‍വിയും കല്ലായിപ്പുഴയെക്കുറിച്ച് യൂസഫി കേച്ചേരിയുമെല്ലാം പാട്ടെഴുതിയപ്പോള്‍ ബീയാര്‍പ്രസാദ് സ്വന്തമായൊരു പുഴ തന്നെ സൃഷ്ടിക്കുകയായിരുന്നു. അങ്ങനെ ഉത്ഭവിച്ചതാണ് കൂന്താലിപ്പുഴ!
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
സിനിമയെയും മലയാളി മനസ്സിനെയും കുളിരണിയിച്ച പാട്ടുകളാണ് ആദ്യചിത്രത്തില്‍ തന്നെ പ്രസാദിന്റേതായി കേട്ടുതുടങ്ങിയത്. കൊതികൊണ്ട കിളികള്‍ ഏറെ വന്ന് കൊത്തിയിട്ടും കിളികൊത്താ തേന്‍പഴമായി ബാക്കിയായ ആമിന!
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ…നാടിനെക്കുറിച്ച് എഴുതിയപ്പോഴാണ് ഈ കുട്ടനാട്ടുകാരന്റെ വരികള്‍പാട്ടെഴുത്തിന്റെ അമരത്തെത്തിയത്
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
മടവീഴ്ചയുണ്ടാകുമ്പോള്‍ മുട്ടോളം വെള്ളത്തിലാണ് പാട്ടെഴുത്തുകാരന്‍ പലകാലത്തും കുട്ടനാട്ടില്‍ ജീവിച്ചത്. എന്നാല്‍ കായലും പാടവും തമ്മിലൊരു അനുരാഗമുണ്ടെന്ന് കാവ്യാത്മകമായി കുറിച്ചിട്ടു അദ്ദേഹം. അവളെക്കണ്ടഞ്ചിപ്പോയ് മോഹപ്പാടമെന്ന് ഒരു കുട്ടനാട്ടുകാരനല്ലാതെ മറ്റാര്‍ക്കാണ് എഴുതാനാകുക!!! മനസ്സിലും ചുണ്ടിലും മലയാളം നിറച്ച മധുരഗാനങ്ങളിലൂടെ ബീയാര്‍ പ്രസാദിനെ ഇനി മലയാളി ഓര്‍ക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































