തിരുവനന്തപുരം : പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ കത്തു നല്‍കി.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ തലത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ വിശദീകരിച്ചു കൊണ്ടാണ്, പിണറായിക്കെതിരെ കത്തയച്ചത്.
ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് പിണറായി വിജയന്റെ ഓഫീസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തണമെന്നും, അന്വേഷണം പൂര്‍ത്തിയായി അദ്ദേഹത്തിന്റെ ഓഫീസ് കുറ്റ വിമുക്തമാക്കപ്പെടുന്ന പക്ഷം അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി നിയമിക്കാവുന്നതാണെന്നും കത്തില്‍ ബെന്നി ബഹനാന്‍ പറയുന്നു.
നിലവില്‍ എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ മൂന്ന് കേന്ദ്ര ഏജന്‍സികളുടെ സംശയ നിഴലിലാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും കത്തില്‍ ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമെ, മന്ത്രി കെ ടി ജലീല്‍, നേതാക്കളുടെ മക്കള്‍ എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും, അന്വേഷണം നേരിടുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.