ടെല്‍ അവീവ് : ടെല്‍ അവീവിനടുത്തുള്ള പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഹമാസ്. ഇതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്താനിരുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ജൂത രാഷ്ട്രത്തിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള വിമാനങ്ങള്‍ അന്താരാഷ്ട്ര വിമാന കമ്പിനികള്‍ റദ്ദാക്കണമെന്ന് ഹമാസ് സായുധസേനയുടെ വക്താവ് ആവശ്യപ്പെട്ടു.
ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രാ വിമാനങ്ങളും റാമോണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഇസ്രായേലിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ ഹമാസ് പ്രയോഗിച്ചത് . അതേസമയം അന്താരാഷ്ട്ര വിമാനക്കമ്പിനികള്‍ ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയാണ്. ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി യു എസും അറിയിച്ചു.