കോട്ടയം : ബീവറേജ് ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടനില്ല സര്‍ക്കാര്‍ പൂഴ്ത്തി വെയ്പ് നടത്തുകയാണെന്ന് ഉപഭോക്താക്കള്‍. ബിവറേജസ് ഔട്ട്‌ലെറ്റുകളിലൊന്നും ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. വില കുറഞ്ഞ മദ്യത്തിന് ക്ഷാമമായതോടെ മദ്യം വാങ്ങാനെത്തുന്നവരും ഷോപ്പിലുള്ളവരുമായി വാക്കേറ്റവും പതിവായി. രണ്ടാഴ്ചയിലേറെയായി ജില്ലയില്‍ വില കുറഞ്ഞ മദ്യം കിട്ടാതായിട്ട്. ജനപ്രിയ ബ്രാന്‍ഡുകളായ ജവാന്‍, ഹണി ബീ, എന്‍സിബി തുടങ്ങിയവയൊന്നും സ്റ്റോക്കില്ല. 200 കെയ്‌സുകള്‍ വന്നിരുന്ന സ്ഥാനത്ത് 20 മാത്രമാണ് വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. മദ്യം ക്വാര്‍ട്ടറായും കിട്ടാനില്ല.
ലിറ്ററിന് 650 മുതല്‍ 750 രൂപ വരെ വിലയുള്ള മദ്യത്തിനായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍, 950 മുതല്‍ 1050 രൂപ വരെ വിലയുള്ളത് മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. 180 രൂപയ്ക്ക് ക്വാര്‍ട്ടര്‍ വാങ്ങാന്‍ വരുന്നവര്‍ 500 രൂപ നല്‍കി അര ലിറ്റര്‍ വാങ്ങേണ്ടിവരുന്നു. സ്പിരിറ്റിന് വില വര്‍ദ്ധിച്ചതോടെ പല കമ്പനികളും നിര്‍മാണം കുറച്ചു. വില വര്‍ദ്ധിപ്പിക്കാതെ വിതരണം സാധാരണ നിലയില്‍ ആക്കാനാകില്ലെന്നാണ് മദ്യക്കമ്പനികളുടെ നിലപാട്. എന്നാല്‍ പൂഴ്ത്തിവയ്പ്പ് നടത്തി വിലകൂട്ടാനുള്ള നീക്കമാണെന്നാണ് ആരോപണം.





























