പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകനൊപ്പം ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി മൈമുന (46) ആണ് മരിച്ചത്. ഇവരുടെ മകൻ ഷെരീഫിനെ (26) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഷെരീഫിന്റെ പെണ്ണുകാണലിനായി പോവുകയായിരുന്നു ഇരുവരും. ഇവരുടെ ബൈക്കിനെ മറികടക്കാൻ ശ്രമിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ മൈമുനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മൈമുന മരിക്കുകയായിരുന്നു. മകൻ ഷെരീഫ് ചികിത്സയിൽ തുടരുകയാണ്.






























