തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ഉണ്ടാകും. ചര്‍ച്ചയ്ക്ക് മാനദണ്ഡം നിശ്ചയിക്കുന്നത് കെപിസിസി ആയിരിക്കും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്മേലാണ് ഘടകക്ഷി നേതാക്കള്‍ സംയമനം പാലിച്ചിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം പിന്നിട്ടു, യുഡിഎഫ് യോഗം ചേര്‍ന്നിട്ട് ഒരു മാസവും കഴിഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം വേഗത്തില്‍ പൂര്‍ത്തിയാക്കും എന്ന് പ്രഖ്യാപിച്ച നേതാക്കളും മൗനത്തിലാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കള്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പല ബോര്‍ഡ് കോര്‍പ്പറേഷനില്‍ ഇപ്പോഴും കയ്യാളുന്നത് ഇടത് നേതാക്കള്‍ തന്നെയാണ്.
ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനം ചര്‍ച്ചയിലൂടെ വേഗത്തില്‍ പരിഹരിക്കും എന്നായിരുന്നു യുഡിഎഫ് കണ്‍വീനറുടെ ഉറപ്പ്. കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് പോരാണ് നിയമനങ്ങള്‍ പാതിവഴിയില്‍ ആക്കിയിരിക്കുന്നത്. നിയമനങ്ങള്‍ വൈകുന്നതില്‍ മുഖ്യമന്ത്രിയും അതൃപ്ത്തിയിലാണ്. പിജെ ജോസഫിന് മുന്നോക്ക ക്ഷേമ വകുപ്പും,എംകെ മുനീറിന് ഭരണപരിഷ്‌കാര കമ്മീഷനും മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നോര്‍ക്കയും ജി ദേവരാജന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്നതിലും ഏകദേശം ധാരണയായി ഇരിക്കുകയാണ്. എന്നാല്‍ പദവികള്‍ക്കായുള്ള പിടിവലിയും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ലിസ്റ്റ് പുറത്തിറക്കാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് നേതാക്കള്‍.































